Coconut Shell Craft: ഭണ്ഡാരപ്പെട്ടി മുതൽ കൂജ വരെ; ചിരട്ടയിൽ കൗതുകം തീർത്ത് രശ്മി
1055 views
news വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചിരട്ടയിൽ കരകൗശല വസ്തുക്കൾ ഒരുക്കി രശ്മി. നിലവിളക്ക് മുതല്‍ കൂജ, ഗ്ളാസുകള്‍, ഭണ്ഡാരപ്പെട്ടി തുടങ്ങി അടുക്കളയില്‍ നിത്യോപയോഗത്തിനുളള പാത്രങ്ങള്വരെയാണ് രശ്മി നിർമ്മിച്ചിരിക്കുന്നത്. ഒഴിവുസമയങ്ങളിലാണ് ഇത്തരം കലാസൃഷ്ടികള്‍ നിർമ്മിക്കുന്നത്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലിൻ്റെ വിരസതയിൽനിന്നാണ് മനസിലുണ്ടായിരുന്ന കരകൗശല വിദ്യ പൊടിതട്ടിയെടുക്കാന്‍ രശ്മി തീരുമാനിച്ചത്. വീട്ടുജോലികള്‍ കഴിഞ്ഞാല്‍ വീടിൻ്റെ ഒന്നാം നിലയില്‍ ഏകാഗ്രമായി ഇരുന്നാണ് രശ്മി വലിയ ചിരട്ടകള്‍ സംഘടിപ്പിച്ചു രാകിമിനുക്കി ഓരോ കരകൗശലവസ്തുക്കളും ഉണ്ടാക്കി തുടങ്ങിയത്. തികച്ചും ഏകാഗ്രമായും സൂക്ഷ്മതയോടുംകൂടിയാണ് ഓരോ നിർമിതികളും. താൻ നിർമ്മിക്കുന്ന വസ്തുക്കൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സമ്മാനമായി നൽകാറുണ്ട് ഇവർ. ഫെവിക്കോളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ചിരട്ടയില്‍ നിന്നുണ്ടാക്കുന്ന ഉല്പന്നങ്ങള് ഒട്ടിച്ചു വിവിധ രൂപങ്ങളുണ്ടാക്കുന്നത്. ആക്സോബ്ളേഡാണ് പ്രധാന പണിയായുധം. ഒരുദിവസം നാലോ അഞ്ചോ മണിക്കൂറുകള്‍ ഇതിനായി മാറ്റിവയ്ക്കാറുണ്ടെന്ന് രശ്മി പറയുന്നു. തൻ്റെ കരവിരുതിനാല്‍ രൂപപ്പെട്ടുവരുന്ന ശില്പങ്ങള് കാണുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തിയാണ് ഇതിനുളള പ്രതിഫലമെന്നാണ് രശ്മി പറയുന്നത്. ചിരട്ടകൊണ്ടുളള കലാസൃഷ്ടികളുടെ പ്രദര്‍ശനമൊന്നും ഇതുവരെ നടത്തിയിട്ടില്ല. നൂറോളംകലാശില്പ്പങ്ങള് ഇതിനകം നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്. തൻ്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റു ചെയ്യാറുണ്ട് ഇവര്‍. എക്കാലില്‍ രമേശന്-ശ്യാമള ദമ്പതികളുടെ മകളായ രശ്മി പ്രവാസിയായ രാഗേഷിൻ്റെ ഭാര്യയാണ്. യദുരാഗ്, അദ്വൈത എന്നിവരാണ് രശ്മിയുടെ മക്കള്‍.