ശക്തമായ കാറ്റ്; കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു
ശക്തമായ കാറ്റിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. കമ്പളക്കാട് ടൗണിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് മേൽക്കൂര തകർന്ന് വീണത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. അതേസമയം ആളപായമില്ല. കൽപ്പറ്റ ഫയർസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി കെ ബഷീറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സംഭവ സ്ഥലത്തെത്തി. മേൽക്കൂരയ്ക്ക് ഉപയോഗിച്ച ഷീറ്റുകളും പൈപ്പുകളും മുറിച്ചുമാറ്റി കൽപ്പറ്റ-മാനന്തവാടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. ശേഷം കമ്പളക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ റോഡിൽ വീണ മരവും മുറിച്ചു നീക്കി റോഡ് ഗതാഗത യോഗ്യമാക്കി. പ്രദേശത്ത് വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. ടൗണിൽ പള്ളിയുടെ മുൻവശത്തുള്ള മൂന്നുനില കെട്ടിടത്തിന് മുകളിലെ മേൽക്കൂരയാണ് റോഡിലേക്ക് വീണത്. നാട്ടുകാർ നോക്കിനിൽക്കെയാണ് അപകടം. അതേസമയം സമീപത്ത് ഓട്ടോ സ്റ്റാൻഡ് ആയിരുന്നുവെങ്കിലും അപകടം നടക്കുമ്പോൾ സ്റ്റാന്റിൽ ഓട്ടോറിക്ഷ ഇല്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. ഫയർഫോഴ്സിനൊപ്പം നാട്ടുകാരും പോലീസും ഷീറ്റുകൾ മുറിച്ചുമാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി.wayanadTimesXP MalayalamUpdated: 6 Apr 2023, 12:50 pm