അധ്യാപികക്ക് സ്നേഹവും ആദരവും; പ്ലാവിൻതൈ നട്ട് പടിയിറങ്ങി പ്ലസ്ടു വിദ്യാർഥികൾ
അധ്യാപികയോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി വിദ്യാർഥികൾ. കലാലയമുറ്റത്ത് ഫലവൃക്ഷത്തൈ നട്ടാണ് അധ്യാപികയോടുള്ള സ്നേഹവും ആധാരവും വിദ്യാർഥികൾ പ്രകടമാക്കിയത്. പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻററി സ്കൂളിലെ പ്ലസ്ടു ബയോളജി സയൻസ് വിദ്യാർഥികളാണ് തങ്ങളുടെ ക്ലാസ് ടീച്ചറായ അമ്പിളി ജി. നായരോടുള്ള സ്നേഹവും ആദരവും പ്രകടനമാക്കി വൃക്ഷത്തൈ സമ്മാനിക്കുകയും പിന്നീടത് നട്ട് അമ്പിളിത്തിങ്കൾ എന്ന് പേരുമിട്ട് മടങ്ങിയത്. പ്ലസ്ടു പരീക്ഷയുടെ അവസാനദിനമായിരുന്നു കുട്ടികൾ അക്ഷരമുറ്റത്ത് ഒത്തുകൂടി ഫലവൃക്ഷത്തെ നട്ടത്. വിദ്യാർഥികളും അധ്യാപകരും ഒന്നായി കവിതകൾ ചൊല്ലിയും വൃക്ഷസംരക്ഷണ സന്ദേശം നൽകിയുമായിരുന്നു തൈ നട്ടത്. എല്ലാവരും യാത്ര പറഞ്ഞു പിരിയും മുമ്പ് ഹയർസെക്കൻററി സ്കൂൾ പ്രിൻസിപ്പലായ കെ. ആർ. ജയരാജിനും കുട്ടികൾ വൃക്ഷതൈ സമ്മാനിച്ചു. അതേസമയം വയനാട്ടിലെ പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ് ജയശ്രീ സ്കൂൾ. പൂർവവിദ്യാർഥികളടക്കം നട്ട തൈകളാണ് ഇപ്പോൾ കലാലയ മുറ്റത്ത് പടർന്ന് പന്തലിച്ച് തണൽ നൽകി നിൽക്കുന്ന മരങ്ങളിലേറെയും. അപൂർവയിനത്തിൽപ്പെട്ടവ അടക്കം നൂറിലേറെ മരങ്ങൾ ഈ ക്യാംപസിലുണ്ട്. പാഠ്യപദ്ധതിയിൽ ഇല്ലെങ്കിൽ പോലും ഇവിടുത്തെ പഠനത്തിൻറെ ഭാഗമാണ് തൈനടീൽ അടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ. ഇതിൻറെയെല്ലാം അനന്തരഫലമെന്നവണ്ണം സംസ്ഥാന സർക്കാരിൻറെ ഹരിതമിത്ര പുരസ്കാരമടക്കം ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.wayanadTimesXP MalayalamUpdated: 30 Mar 2023, 12:43 pm