Onam Celebration: ഓണാഘോഷനിറവിൽ വയനാട് ജില്ലയിലെ ക്യാമ്പസുകൾ
1031 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആട്ടവും പാട്ടുമായി വയനാട് ജില്ലയിലെ ക്യാംപസുകളിൽ ഓണാഘോഷം പൊടിപൊടിക്കുന്നു. പുൽപ്പള്ളി എസ്എൻഡിപി യോഗം എംകെ രാഘവൻ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളജിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി പൂക്കളമത്സരം നടന്നു. ഇത്തവണത്തെ ഓണാഘോഷത്തിൽ ആദ്യമായാണ് ഒരു കോളജ് പൊതുജനങ്ങൾക്കായി പൂക്കളമത്സരം നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി പുൽപ്പള്ളിയിലേക്ക് എത്തിയത്. കലയുടെയും കൈവിരുതിന്റെയും മാസ്മരികത പ്രകടമാകുന്നതായിരുന്നു മത്സരത്തിലെ ഓരോ പൂക്കളവും. കാഴ്ചക്കാരെ വിസ്മയിപ്പിച്ച പൂക്കളമത്സരത്തിൽ വിനീത് ആന്റ് ടീം മീനങ്ങാടി ജേതാക്കളായി. പൂക്കളത്തിന്റെ വേറിട്ട രീതിയായിരുന്നു ഇവർ ഒരുക്കിയത് . മത്സരത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസ് ടീം രണ്ടാം സ്ഥാനവും, പുൽപ്പള്ളി ശ്രേയസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്പ്രൈസ് വിതരണം ചെയ്തു. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ഓണമെന്നാൽ കൂട്ടായ്മയുടെ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. കോളജിനൊപ്പം പുൽപ്പള്ളി ഗ്രാമപഞ്ചായത്തും വയനാട് പ്രസ്സ്ക്ലബ്ബും ചേർന്നായിരുന്നു മത്സരം നടത്തിയത്. പരിപാടിയുടെ ഭാഗമായി കോളജ് മുറ്റത്ത് അരങ്ങേറിയ മെഗാതിരുവാതിരയും ഏറെ ശ്രദ്ധേയമായി.