ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി... | vishu | guruvayur temple
ഗുരുവായൂർ ക്ഷേത്രത്തിൽ കണികാണാൻ ഭക്തജനങ്ങളുടെ തിരക്ക്. പുലര്‍ച്ചെ 2.45 നാണ് വിഷുക്കണി ദർശനം ആരംഭിച്ചത്. ഓട്ടുരുളിയില്‍ കണിക്കോപ്പുകൾ വച്ച് കണ്ണനെ കണകണ്ടു ഭക്തർ. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി കണി കണ്ടതിനുശേഷം തീര്‍ഥകുളത്തില്‍ മുങ്ങികുളിച്ച് ഈറനുമായി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വെച്ചു. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വെച്ചു. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്നു . തുടർന്ന് ഭക്തർക്കുള്ള അവസരമായിരുന്നു. ഭക്തർ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. 3.45 വരെ ഭക്തർ വിഷുക്കണി ദർശിച്ചു.thrissurTimesXP MalayalamUpdated: 15 Apr 2023, 12:30 pm