7 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 54കാരന് കഠിന തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 54കാരന് 10 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. ഒല്ലൂർ സെന്റ് റാഫേൽ നഗർ സ്വദേശി കുണ്ടുകുളം ജോയിയെ ആണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയുടേതാണ് ശിക്ഷാവിധി. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഒല്ലൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ പോയ പ്രതി കോടതിയിൽ ഹാജരാകാതെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. ഇതോടെ കോടതി ജാമ്യം റദ്ദ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് വിചാരണ പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. പോക്സോ നിയമ പ്രകാരം 5 വർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കുന്നതിന്നുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി ഒരു വർഷം കൂടി അനുഭവിക്കേണ്ടി വരും. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി അജയ് കുമാർ ആണ് ഹാജരായത്.thrissurTimesXP MalayalamUpdated: 12 Apr 2023, 10:24 pm