കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളക്കെട്ട്
കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളക്കെട്ട്. ഇതോടെ ഒറ്റയാൾ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തി. ചെളിവെള്ളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്ന് പ്രതിഷേധിച്ചത്. ദിവസവും എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, സാധാരണക്കാർ തുടങ്ങിയവർ നിരവധി തവണ കടന്നു പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ ഇവർ കണ്ടില്ല എന്ന് നടിച്ചതോടെയാണ് മണ്ഡലം പ്രസിഡന്റ് പ്രതിഷേധം അറിയിച്ചു ചെളിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 24ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ആധുനിക രീതിയിൽ നവീകരിച്ച കിള്ളി പങ്കജ കസ്തൂരി കാന്തള കട്ടക്കോട് റോഡാണ് ഇപ്പൊൾ വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതം ആകുന്നത്. മഴ പെയ്തതോടെ കാന്തള പ്രദേശത്ത് വെള്ളം കെട്ടി നിന്ന് ഇവിടെ കാൽനട യാത്ര പോലും പറ്റാത്ത സാഹചര്യമായി.