കാമുകനെതിരെ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ
കാമുകനെതിരെ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതാണ് കാമുകനെതിരെ യുവതി ക്വട്ടേഷൻ നൽകാൻ കാരണം. നിലവിൽ ഒന്നാം പ്രതിയും മർദ്ദനത്തിനിരയായ യുവാവിന്റെ കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയയെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികൾ ഒളിവിലാണ്. എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അയിരൂർ സ്റ്റേഷൻ പരിധിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ചവശനാക്കിയെന്നാണ് പരാതി. തുടർന്ന് എറണാകുളത്ത് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു.