ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി
1016 views
thiruvananthapuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഒടുവിൽ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിൻറെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 13ന് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപോയിരുന്നു. രണ്ടാഴ്ചയായി ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജർമൻ സാംസ്കാരിക നിലയത്തിൽ കുരങ്ങിനെ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച് കുരങ്ങിനെ പിടിച്ചു. അതേസമയം കുരങ്ങിൻറെ ആരോഗ്യത്തിനു പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു. കുറച്ചു ദിവസം മുൻപുവരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്ന കുരങ്ങിനെ ശക്തമായ മഴയെ തുടർന്നാണ് വീണ്ടും കാണാതായത്. ഇന്നാണ് കുരങ്ങിനെ കുറിച്ച് വിവരം കിട്ടുന്നത്. ചാടിപ്പോയ മൂന്ന് വയസുള്ള പെൺകുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാർ നടത്തിവന്നത്. ആദ്യം നന്തൻകോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു.