കുട്ടികളുടെ താരമായി 'അരിക്കൊമ്പൻ'
വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിൽ കുട്ടികളെ വരവേറ്റ് അരിക്കൊമ്പൻ. അരിക്കൊമ്പൻ എന്ന പേര് നൽകിയ റോബോട്ടിക് ആന കുട്ടികളെ തീർത്തും അമ്പരപ്പെടുത്തി. രാവിലെ മുതൽ തന്നെ അരിക്കൊമ്പനെ കാണുന്നതിന് കുട്ടികൾ ഉൾപ്പെടുന്ന വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റും അവർക്ക് സല്യൂട്ട് നൽകിയും സൗഹൃദഭാവത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോൾ കുരുന്നുകൾക്ക് അത്ഭുതം, ചിന്നക്കനാലിലും ഇപ്പോൾ തമിഴ്നാട്ടിലെ കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പൻ ഇത്ര പാവമായിപ്പോയോ എന്നാണ് കുട്ടികളുടെ ചിന്ത.