പത്തനംതിട്ടയിൽ ആകാശവാണി പ്രവർത്തനം ആരംഭിച്ചു
പത്തനംതിട്ട മണ്ണാറമലയിൽ ആകാശവാണി പ്രവർത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്ഘടനം നിർവഹിക്കുകയായിരുന്നു. കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തും അടക്കം രാജ്യത്ത് 91 റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചത്. രാജ്യത്താകമാനം എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 പുതിയ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കാര്യ വകുപ്പ് മന്തി അനുരാഗ് സിംഗ് താക്കൂർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ 5. 10 മുതൽ രാത്രി 11.10 വരെ തുടർച്ചയായി സംപ്രേക്ഷണം ചെയ്യും. ആദ്യഘട്ടത്തിൽ 15 കിലോമീറ്റർ ചുറ്റളവിൽ എഫ്എം റേഡിയോ ശ്രോതാക്കൾക്കും, എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാനാവും.