മയക്കുമരുന്ന് സംഘത്തിലെ ഒരാൾ പിടിയിൽ
മയക്കുമരുന്ന് സംഘത്തിലെ ഒരാൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഒരാളെ ആണ് എടക്കര പോലീസ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ ഇയാളിൽ നിന്നും പോലീസ് പിടികൂടി. എടക്കര സ്വദേശി പുളിക്കൻ റഹ്മത്തുള്ള എന്ന കുടക് ബാബുവിനെയാണ് എടക്കര സി.ഐ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 58 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 മണിയോടെ എടക്കര കാക്കപ്പരതയിൽ വെച്ച് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി വിൽപ്പനക്കും പുറമെ രഹസ്യ കേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് സംഘം ചേർന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം.ഡി.എം.എ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ രണ്ടു ലക്ഷം രൂപയോളം വില വരും. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എസ്.സി.പി.ഒ ഇ.അരുൺ, എസ്.ശ്രീജ സിപിഓമാരായ സാബിർ അലി, പ്രശാന്ത്, ഗീത, ഡാൻസാഫ് അംഗങ്ങളായ സുനിൽ. എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.malappuramTimesXP MalayalamUpdated: 6 Apr 2023, 12:57 pm