Primary Education: ബാല്യത്തില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാന്‍ വനിത കമ്മിഷന്റെ സഹായം തേടി യുവതി
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Malappuram News: ബാല്യത്തില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാന്‍ വനിത കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ് തൃപ്പങ്ങോട് സ്വദേശിനി. ബിഹാറില്‍നിന്ന് വീട്ടുജോലിക്കായി എട്ടാം വയസിലാണ് ഇവര്‍ കോട്ടയത്ത് എത്തിയത്. ജോലി ചെയ്ത വീട്ടിലെ പീഡനത്തെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ അനാഥാലയത്തിലെത്തിയ യുവതിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, പ്രായപൂര്‍ത്തിയായ യുവതിയെ നിയമപ്രകാരം തൃപ്പങ്ങോട് സ്വദേശി വിവാഹം കഴിച്ചു. യുകെജിയിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയാണ് ഇന്നിവര്‍. കുട്ടികള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം തിരികെ നേടണമെന്ന് യുവതിയ്ക്ക് ആഗ്രഹമുണ്ടായത്. യുവതിയുടെ ആഗ്രഹം അറിഞ്ഞ ഭര്‍ത്താവിന് സന്തോഷമായി. എന്നാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രായം തടസമായി നിന്നപ്പോള്‍ ഇവര്‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു. എതിര്‍കക്ഷികളില്ലാത്ത കേസില്‍ യുവതിയുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം നല്കാന് ആവശ്യമായ സഹായങ്ങള്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ പരാതി പരിഗണിച്ച വനിത കമ്മിഷന് അംഗം വി.ആര്. മഹിളാമണി പറഞ്ഞു.