ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ കവർന്നു
നാദാപുരം എടച്ചേരി- ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ അടച്ചിട്ട വീട് കുത്തി തുറന്ന് ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ കവർന്നു. ഒരു ലക്ഷം രൂപയിലധികം വില വരുന്ന പാത്രങ്ങളാണ് കളവ് പോയത്. 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും, ലക്ഷങ്ങൾ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്. പരമ്പര്യമായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം സൂക്ഷിച്ച മുറിയുടെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ആൾ താമസമില്ലാത്ത വീട്ടിൽ ബന്ധുക്കളെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇവർ എടച്ചേരി പോലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.kozhikodeTimesXP MalayalamUpdated: 7 May 2023, 12:07 pm