ട്രെയിൻ തീവെപ്പ്; ഡി.ജി.പി ഇന്ന് കണ്ണൂരിലെത്തും
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവെച്ച കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന ഡി.ജി.പി അനിൽകാന്ത് ഇന്ന് കണ്ണൂരിലെത്തും. അക്രമിതീവയ്പ്പു നടത്തിയ ഡി വൺ, ഡി ടൂ കോച്ചുകൾ ഡി.ജി.പി പരിശോധിക്കും. കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ജില്ലാ പൊലിസ് ഹെഡ്ക്വാർട്ടേഴ്സിൽ ചേരും. എലത്തൂരിൽ നിന്നും തീവയ്പ്പിനു ശേഷം ബൈക്കിൽ മറ്റൊരാളോടൊപ്പം രക്ഷപ്പെട്ട അഞ്ജാതനായ അക്രമിയെ പിടികൂടുന്നതിനായി കണ്ണൂർ കാസർകോട് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾക്കും പൊളളലേറ്റുവെന്ന വിവരത്തെ തുടർന്ന് ആശുപത്രികളിലും പൊലിസ് നിരീക്ഷണം ശക്തമാക്കി. അതേസമയം അക്രമം നടന്ന ഡി വൺ, ഡി ടൂ കോച്ചുകൾ സീൽ ചെയ്തിട്ടുണ്ട്. പ്രതിയെ കുറിച്ചു വ്യക്തമായ സൂചനലഭിക്കുമെന്നാണ് പൊലിസ് അറിയിക്കുന്നത്. സംഭവത്തിൽ തീവ്രവാദ സംഘടനകൾക്കു പങ്കുണ്ടോയെന്ന കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.kozhikodeTimesXP MalayalamUpdated: 3 Apr 2023, 1:32 pm