Minister Veena George: നിപ: ജനങ്ങളുടെയും പോലീസിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ് - ആരോഗ്യമന്ത്രി
കോഴിക്കോട് നിപ ജാഗ്രത തുടരുന്നതിനിടയിൽ ജനങ്ങളെയും പോലീസിനെയും അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലെ പോലീസിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ്. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ളവർ വരെ കൃത്യമായ ഇടപെടലാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോർ കമ്മറ്റികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാംപിളുകൾ പരിശോധിക്കുന്നുണ്ട്. സമ്പർക്ക പട്ടികയിൽ വിട്ടുപോയവരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ആദ്യ രോഗിയിലെ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചിട്ടുണ്ട്. ജില്ലയിൽ അസാധാരണ മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ നിർണായക പങ്കുവഹിക്കുന്നതാണ് പോലീസ് വകുപ്പെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Curated by Achu Sp|TimesXP Malayalam|18 Sept 2023