കോഴിക്കോട് നഗരത്തില്‍ വൻ തീപ്പിടുത്തം. കല്ലായ് റോഡ് -ആനിഹാള്‍ റോഡ് ജംഗ്ഷനിലെ ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മുകള്‍ നിലയിലെ സാധനങ്ങള്‍ കത്തിനശിച്ചതു കൂടാതെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തിനശിച്ചു. ഫയര്‍ഫോഴ്സെത്തി രണ്ടരമണിക്കൂറിലേറെ പണിപ്പെട്ടാണ് തീ ഏതാണ്ട് നിയന്ത്രണവിധേയമാക്കിയത്. രാവിലെ ആറുമണിയോടെയാണ് തീയും പുകയും ഉയരുന്നത് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ബീച്ച് സ്റ്റേഷനില്‍ നിന്നു മൂന്നു യൂണിറ്റ് ഫയര്‍ഫോഴസ് സംഘമാണ് ആദ്യമെത്തി തീയണയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വെള്ളിമാടുകുന്ന്, മീഞ്ചന്ത സ്റ്റേഷനുകളില്‍ നിന്നായി പതിനഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്റെ പരസ്യബോര്‍ഡുകളും മറ്റും ചുമരിലുണ്ടായിരുന്നു. ഇവയ്ക്കു തീ പിടിച്ച് താഴേക്കു പതിച്ചാണ് പാര്‍ക്കിംഗ് ഏരിയയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തിനശിച്ചത്. കെട്ടിടത്തില്‍ നിന്നു പുറത്തേക്ക് വന്‍തോതില്‍ തീ ആളിപടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന് ആദ്യഘട്ടത്തില്‍ അകത്തേക്കു കടക്കാനായില്ല.
kozhikodeTimesXP MalayalamUpdated: 1 Apr 2023, 10:47 am