സിനിമാ തീയേറ്ററിനു മുൻപിൽ തിറയാട്ടം; കണ്ണൂരിൽ വിവാദം കത്തുന്നു
സിനിമ പ്രമോഷന്റെ ഭാഗമായി തെയ്യക്കോലമായ തിറയാട്ടം തീയേറ്ററിനു മുൻപിൽ നടത്തിയതിൽ വിവാദം. കാവുകളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്ത്യാദരങ്ങളോടെ നൂറ്റാണ്ടുകളായി കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ വികലമായി അവതരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ സാംസ്കാരിക വകുപ്പ് തയ്യാറാകണമെന്ന് ഉത്തരകേരള തെയ്യം ആവിഷ്കാര സംരക്ഷണ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് കുറുവാട്ട് ആവശ്യപ്പെട്ടു. ചലച്ചിത്രങ്ങളുടെ പ്രമേയമായി തിറയാട്ടങ്ങൾ കൊണ്ടുവരുന്നതും അതിൻറെ ഭാഗമായുളള ചിത്രീകരണവും എതിർക്കുന്നില്ല. മലയാളത്തിൽ ഒരുപാട് സിനിമകൾ തെയ്യത്തിൻറെയും തിറയുടെയും പശ്ചാത്തലത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇവിടെ ചലച്ചിത്രത്തിൻറെ നാലാംവാര ആഘോഷത്തിൻറെ ഭാഗമായി കുട്ടിച്ചാത്തനെയും ചാമുണ്ഡിയുമൊക്കെ വികലമായി അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം എവിടെയും കെട്ടിയാടാനുളള കലാരൂപമല്ല തെയ്യക്കോലങ്ങളല്ലെന്ന് തെയ്യം ഗവേഷകൻ യു.പി. സന്തോഷ് പറഞ്ഞു. കാവുകളുടെ ആചാര അനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ ഇത്തരത്തിൽ വാണിജ്യവത്കരിക്കുന്നത് നേരത്തെയും എതിർക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.kannurTimesXP MalayalamUpdated: 29 Apr 2023, 10:39 pm