Wild Elephant: കണ്ണൂരിൽ ആന ഓടിയ വഴിയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ചു
1021 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ ജില്ലയിലെ ഉളിക്കല്ലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയുടെ മൃതദേഹമാണ് കണ്ടത്തിയത്. 68 വയസായിരുന്നു. ഉളിക്കൽ ടൗണിന് സമീപമുള്ള ലാറ്റിൻ പള്ളിക്ക് സമീപമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്തു മുഴുവൻ പരിക്കേറ്റപാടുകളുണ്ട്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടതാകാമെന്നാണ് സംശയം. സംഭവത്തിൽ വനം വകുപ്പും പോലീസും അന്വേഷണമാരംഭിച്ചു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉളിക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. ജോസിനെ കാട്ടാന ഇറങ്ങിയ സ്ഥലത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ആന വരുന്നുണ്ടെന്നും ഓടിക്കോയെന്നും ജോസിനോട് വിളിച്ചുപറഞ്ഞുവെന്നും അപ്പോൾ എല്ലാവരും കൂട്ടത്തോടെ ഓടിയപ്പോൾ ജോസ് ഒറ്റപ്പെട്ടു പോകുകയായിരുന്നുവെന്നും പറയുന്നു. അതിനുശേഷം ഇന്നാണിപ്പോൾ മൃതദേഹം കാണുന്നത്. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരിക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മാട്ടറ വഴിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.