ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ മോഷണം; നാലംഗ സംഘം പിടിയിൽ
ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ മോഷണം. ഓട്ടുരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച നാലംഗ സംഘം പോലീസ് പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് പ്രതികൾ പോലീസ് പിടിയിലായത്. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), സഹോദരൻ കണ്ണൻ (37) മണ്ണാർക്കാട് നെച്ചുകുഴി കുഴിമ്പാടത്ത് ഷമീർ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കൽ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് പിടിയിലായത്. തൊടുപുഴ സിസിലിയ ബാറിന് സമീപം ഇന്ത്യൻ ഓവർസീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. മോഷ്ടിച്ച ഓട്ടുരുളി വിൽപ്പന നടത്താൻ കൊണ്ടു പോകാൻ പ്രതികൾ നഗരത്തിൽ നിന്ന് ഓട്ടോ വിളിച്ചു. വലിയ ഓട്ടുരുളിയാണ് വാഹനത്തിൽ കയറ്റികൊണ്ടു പോയത്. ഇതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വാഹനം പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി. തുടർന്ന് പോലീസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇത് തങ്ങളുടേതാണെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്.idukkiTimesXP MalayalamUpdated: 5 Jun 2023, 3:29 pm