Eranakulam General Hospital: എറണാകുളം ജനറൽ ആശുപത്രിയുടെ കാൻസർ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
എറണാകുളം ജനറൽ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി കാൻസർ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ച് 25 കോടി രൂപ ചെലവിലാണ് കാൻസർ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. 44,825 ചതുരശ്രയടി വിസ്തീർണത്തിൽ ആറ് നിലകളിലായുള്ള പുതിയ കാൻസർ ബ്ലോക്കിൽ, ഐസിയു, കീമോതെറാപ്പി വിഭാഗം, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി രണ്ട് വാർഡുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം കീമോതെറാപ്പിക്ക് എത്തുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ടുകൾ കുറഞ്ഞാൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും കാൻസറിന്റെ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ബ്ലോക്കിൽ 104 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും രണ്ട് ഒപികളും കൂടാതെ കൗൺസലിങ് മുറി, രോഗിക്ക് ഒപ്പം വരുന്നവർക്ക് താമസിക്കാൻ ഡോർമെറ്ററി, ഓരോ നിലയിലും നഴ്സിങ് സ്റ്റേഷൻ, ഡോക്ടർമാർക്കുള്ള പ്രത്യേക മുറികൾ, രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികൾ തുടങ്ങിയവയൊക്കെ പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 200 രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും
Curated by Achu Sp|TimesXP Malayalam|18 Sept 2023