Bank Locker Rules: ലോക്കറിൽ ചിതലരിച്ച പണത്തിനു ബാങ്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടോ?
1062 views
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുവേണ്ടി ബാങ്ക് ലോക്കറിൽ പണമായി സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയുടെ നോട്ടുകൾ ചിതലരിച്ച് നശിപ്പിക്കപ്പെട്ട വാർത്ത അടുത്തിടെ ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. 15 മാസങ്ങൾക്കുശേഷം ലോക്കർ തുറന്നപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് മാധ്യമ വാർത്തകൾ. ഈയൊരു അവസ്ഥയിൽ എന്ത് ചെയ്യും. നഷ്ടമായ പണം ഇവിടെ ബാങ്ക് തിരിച്ചു നൽകുമോ ഇല്ലയോ. എല്ലാത്തിലും ഉപരി ബാങ്ക് ലോക്കറിൽ പണം സൂക്ഷിക്കാമോ? ഇവിടെ ആദ്യം നമുക് ഉത്തരം ലഭിക്കേണ്ട ചോദ്യം ബാങ്ക് ലോക്കറിൽ പണം സൂക്ഷിക്കാമോ എന്നാണ്. അടുത്തിടെ പരിഷ്കരിച്ച ബാങ്കുകളുടെ ലോക്കറുമായി ബന്ധപ്പെട്ട കരാർ അഥവാ ഉടമ്പടി പ്രകാരം, ആഭരണങ്ങളും രേഖകളും പോലെ നിയമാനുസൃതമായ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനായാണ് ഉപഭോക്താക്കൾ ബാങ്ക് ലോക്കറുകൾ പ്രയോജനപ്പെടുത്തേണ്ടത്. കറൻസിയും പണവുമൊന്നും ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നത് അനുവദനീയമല്ലെന്നും പുതുക്കിയ ബാങ്ക് ലോക്കർ നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ മകളുടെ വിവാഹ ആവശ്യത്തിനായി പണം ലോക്കറിൽ സൂക്ഷിച്ചയാൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.