Canadian Pension Funds: ഇന്ത്യ- കാനഡ നയതന്ത്രം; വിപണിയെ എങ്ങനെ ബാധിക്കും?
1017 views
ഇന്ത്യ- കാനഡ നയതന്ത്ര തർക്കം രൂക്ഷമായതോടെ കനേഡിയൻ പെൻഷൻ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികൾ ഇടിഞ്ഞു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ-കാനഡ ബന്ധം വഷളാകുകയായിരുന്നു. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോക്ക് നിക്ഷേപമുള്ള കമ്പനികളായ കൊട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ, നൈക, ഇൻഡസ് ടവേഴ്സ് എന്നിവയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം 2.4 ശതമാനത്തോളം ഇടിഞ്ഞത്. എന്നാൽ ദീർഘകാല നിക്ഷേപകർക്കിടയിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും പ്രതിസന്ധി താൽക്കാലികമാണെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷം തുടരുന്നത് ഇന്ത്യൻ വിപണിയെ പരോക്ഷമായി മാത്രമേ ബാധിക്കൂ എന്നാണ് സൂചന. കനേഡിയൻ പെൻഷൻ ഫണ്ടുകൾ ചില ഇന്ത്യൻ കമ്പനികളിലെ വലിയ സ്ഥാപന നിക്ഷേപകരാണ്. ഇതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കക്ക് കാരണം. അതേസമയം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായതിനാൽ ഇപ്പോൾ ആശങ്കകൾ വേണ്ടെന്ന് നിരീക്ഷകർ പറയുന്നു.